പത്തനംതിട്ടക്കാരുടെ ദൈവവിശ്വാസം

ദൈവവിശ്വാസം പത്തനംതിട്ടക്കാരുടെ ജീവശ്വാസമാണു. അതുകൊണ്ടു തന്നെ ആത്മീയതയുടെ മണല്‍പ്പുറങ്ങളാല്‍ സമ്പുഷ്ടമാണു ജില്ല. വേനലില്‍ നദി മെലിഞ്ഞു മണല്‍പ്പരപ്പ്‌ തെളിഞ്ഞാല്‍ കൂട്ടായ്മയുടെ കുത്തൊഴുക്കാണിവിടെ

സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദുമത സംഗമമായ അയിരൂര്‍ ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ മുതല്‍ പാരമ്പര്യം കൊണ്ട്‌ ശ്രദ്ധേയമായ ഒട്ടേറെ ഹിന്ദുമത കണ്‍വെന്‍ഷനുകള്‍ ജില്ലയിലുണ്ട്‌. ശതാബ്ദി പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷനാണു ജില്ലയില്‍ ആദ്യം കാല്‍നാട്ടിയത്‌. പിന്നീട്‌ എണ്ണമറ്റ ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു ജില വേദിയായി. ക്രൈസ്തവര്‍ക്കു ആത്മീയ ഉണര്‍വ്വ്‌ പകര്‍ന്ന് ഇന്നും മാരാമണ്‍ ലക്ഷങ്ങളെ വിശ്വാസതീരത്തേക്കു നയിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഗമമാണു ഇത്‌.

നവതി പിന്നിട്ട പത്തനംതിട്ട മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ്‌ കണ്‍വന്‍ഷനും പാരമ്പര്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണു. വിവിധ പെന്തക്കോഷ്ട്‌ വിഭാഗങ്ങളുടെ സംസ്ഥാന കണ്‍വന്‍ഷനുകളും പത്തനംതിട്ടയിലാണു നടക്കുന്നത്‌.ഒരുമിക്കുന്നവരുടെ മധ്യത്തില്‍ ദൈവമുണ്ടാകുന്നു എന്ന വചനം ഹൃദയത്തോടു ചേര്‍ത്തു പിടിച്ചവര്‍ ജില്ലയെ കണ്‍വന്‍ഷനുകളുടെ മണ്ണാക്കുന്നു. വിശ്വാസകൂട്ടായ്മകള്‍ വിപുലപ്പെട്ടതോടെ കന്‍വന്‍ഷനുകളുടെ എണ്ണവും കൂടി. കപ്പ ( മരച്ചീനി ) പറിച്ചാലുടന്‍ നടന്നിരുന്ന കണ്‍വന്‍ഷന്‍ കപ്പകൃഷി ഇല്ലാതായിട്ടും കുറഞ്ഞിട്ടില്ല എന്നത്‌ ജില്ലയുടെ വിശ്വാസസാക്ഷ്യം.

ഇക്കഴിഞ്ഞ വര്‍ഷം ആരംഭിച്ച കണ്‍വന്‍ഷന്‍ സെന്ററുകളിലെത്തി നില്‍ക്കുന്നു. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണു കണ്‍വന്‍ഷന്‍ കാലം. പമ്പയുടേയും മണിമലയാറിന്റെയും മണല്‍പ്പരപ്പുകളാണു ഒട്ടേറെ കണ്‍വന്‍ഷനുകള്‍ക്കു വേദി. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ശിവരാത്രി ആഘോഷമായ തിരുമാലിട ഉത്സവവും മണിമലയാറിന്റെ മണല്‍പ്പുറത്താണു നടക്കുന്നത്‌. പമ്പയും മണിമലയും സംഗമിക്കുന്ന കീച്ചേരിവാല്‍ക്കടവ്‌ പമ്പ മണിമല ആധ്യാത്മിക സത്രത്തിനു വേദിയാകുന്നു. ദൈവവചന ചിന്തകള്‍ക്കും ആത്മീയ കൂട്ടായ്മകള്‍ക്കും പ്രാമുഖ്യം നല്‍കി നവീകരണ വിശ്വാസം മധ്യതിരുവിതാംകൂറില്‍ പ്രചരിച്ചപ്പോള്‍ അവരുടെ സംഗമങ്ങള്‍ വലിയ കണ്‍വന്‍ഷനുകളായി മാറി. ഭൗതിക വളര്‍ച്ചക്കൊപ്പം ജില്ലയുടെ ആത്മീയകൂട്ടായ്മകളുടെ വഴികളും നീളുന്നു.

ഒരു മറുപടി കൊടുക്കുക